Friday, 9 November 2012

കൊച്ചി മെട്രോ: ആന്റണി ഇടപെട്ടു; തടസ്സങ്ങള്‍ നീങ്ങിത്തുടങ്ങി
Posted on: 10 Nov 2012

പി.കെ.മണികണ്ഠന്‍


ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധതി ഡി.എം.ആര്‍.സി.യെ ഏല്‍പ്പിക്കുന്നതിനുള്ള തടസ്സം നീക്കാന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി മുന്നിട്ടിറങ്ങുന്നു.

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ വെള്ളിയാഴ്ച കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥുമായി പ്രാഥമിക ചര്‍ച്ച നടത്തി. ഹരിയാണയിലെ സൂരജ്കുണ്ഡില്‍ കോണ്‍ഗ്രസ് ചര്‍ച്ചാ സമ്മേളനം നടക്കുന്നതിനിടയിലായിരുന്നു ഈ കൂടിക്കാഴ്ച. അടുത്തയാഴ്ചയോടെ നടക്കുന്ന ഉന്നതതല യോഗത്തില്‍ കൊച്ചി മെട്രോ ഡി.എം.ആര്‍.സി.യെ ഏല്‍പ്പിക്കുന്നത് സംബന്ധിച്ച് ധാരണയുണ്ടാകും.

പ്രവാസികാര്യമന്ത്രി വയലാര്‍ രവി, ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി പ്രൊഫ. കെ.വി.തോമസ് എന്നിവരും ആന്റണിക്കൊപ്പമുണ്ടായിരുന്നു. കൊച്ചി മെട്രോ നിര്‍മാണം ഡി.എം.ആര്‍.സി.യെ ഏല്‍പ്പിക്കണമെന്ന് മന്ത്രിമാര്‍ കമല്‍നാഥിനോട് ആവശ്യപ്പെട്ടു. എന്നാല്‍, പദ്ധതി ഏറ്റെടുക്കുന്നതിലെ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ അദ്ദേഹം വിവരിച്ചു. ഡി.എം.ആര്‍.സി.യുടെ ജോലിഭാരവും ചൂണ്ടിക്കാട്ടി.

ഹരിയാണയിലേക്കുള്ള മെട്രോ പാതയുടെയും നിര്‍മാണച്ചുമതല ഡി.എം.ആര്‍.സി.ക്കാണ്. ഡി.എം.ആര്‍.സി. ഡല്‍ഹി സര്‍ക്കാറിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്നതായതിനാല്‍ സംസ്ഥാനത്തിന്റെ പണം മറ്റു പദ്ധതികള്‍ക്ക് വിനിയോഗിക്കേണ്ടി വരുമോയെന്നുള്ള ആശങ്കയും കമല്‍നാഥ് പങ്കുവെച്ചു. ഇ. ശ്രീധരന്റെ സേവനം ഉപയോഗപ്പെടുത്തി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെ.എം.ആര്‍.എല്‍.) സ്വന്തം നിലയില്‍ പദ്ധതി നടപ്പാക്കിക്കൂടേയെന്നും കമല്‍നാഥ് ചോദിച്ചു.

എന്നാല്‍, കൊച്ചി മെട്രോ പദ്ധതി ഡി.എം.ആര്‍.സി. തന്നെ ഏറ്റെടുക്കണമെന്നാണ് കേരളത്തിന്റെ പൊതുവികാരമെന്ന് ആന്റണിയും സംഘവും അറിയിച്ചു. കേരളത്തിലെ കോണ്‍ഗ്രസ്സിനും ഇതേ അഭിപ്രായമാണുള്ളതെന്നും അവര്‍ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ ഒരു യോഗം വിളിച്ചാല്‍ താന്‍ പങ്കെടുക്കാമെന്നും അപ്പോള്‍ ചര്‍ച്ചചെയ്തു തീരുമാനമെടുക്കാമെന്നും കമല്‍നാഥ് വ്യക്തമാക്കി. കൊച്ചി മെട്രോയ്ക്ക് അനുകൂലമായ മറുപടിയാണ് വെള്ളിയാഴ്ച കമല്‍നാഥില്‍ നിന്ന് ലഭിച്ചതെന്ന് കേന്ദ്രമന്ത്രി കെ.വി. തോമസ് പറഞ്ഞു. ഇപ്പോഴുള്ള തടസ്സങ്ങള്‍ തുടര്‍ന്നുള്ള ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊച്ചി മെട്രോ പദ്ധതി നിര്‍ബന്ധമായും ഡി.എം.ആര്‍.സി.യെ ഏല്‍പ്പിക്കാന്‍ തീരുമാനിക്കണമെന്ന് കമല്‍നാഥിനോട് ആവശ്യപ്പെട്ടതായി പ്രവാസികാര്യ മന്ത്രി വയലാര്‍ രവി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

മന്ത്രി, പ്രായോഗിക ബുദ്ധിമുട്ടുകള്‍ അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം നീട്ടാന്‍ കഴിയില്ലെന്ന് തങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. തുടര്‍ന്ന് ഇതിന്റെ ഭാഗമായി ഒരു യോഗം വിളിച്ചു ചര്‍ച്ച നടത്താന്‍ ധാരണയായി. അടുത്തയാഴ്ചയോടെ ചര്‍ച്ച നടക്കുമെന്നും വയലാര്‍ രവി അറിയിച്ചു.

കൊച്ചി മെട്രോ ഡി.എം.ആര്‍.സി.യെ ഏല്‍പ്പിക്കുന്നത് ഒരു രാഷ്ട്രീയ തീരുമാനമെന്ന നിലയില്‍ കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ കമല്‍നാഥിനെ അറിയിച്ചെന്നാണ് സൂചനകള്‍.

നവംബര്‍ 17-ന് ഡി.എം.ആര്‍.സി. ഡയറക്ടര്‍ ബോര്‍ഡ് യോഗം നിശ്ചയിച്ചിട്ടുള്ളതിനാല്‍ അതിനുമുമ്പായി ഉന്നതതലയോഗം ചേര്‍ന്ന് തീരുമാനമുണ്ടാവാനാണ് സാധ്യത. പദ്ധതി ഡി.എം.ആര്‍.സി.യെ ഏല്‍പ്പിക്കുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ സമ്മതമറിയിച്ചെങ്കിലും കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ എതിര്‍പ്പ് തുടരുകയായിരുന്നു.

No comments:

Post a Comment